ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കസറി, അവസാന ഓവറിൽ 27 റൺസ്, ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോര്‍

ഓസ്ട്രേലിയയ്ക്കെതിരെ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. തുടക്കം പിഴച്ചുവെങ്കിലും ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈക്ക് റഷീദും ചേര്‍ന്ന് നേടിയ 204 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.

അംഗ്കൃഷ് രഘുവംശിയെയും(6) ഹര്‍നൂര്‍ സിംഗിനെയും(16) നഷ്ടമായി ഇന്ത്യ ഒരു ഘട്ടത്തിൽ 37/2 എന്ന നിലയിലായിരുന്നു. അവസാന ഓവറുകള്‍ക്ക് മുമ്പ് യഷ് ധുല്ലും ഷൈക്ക് റഷീദും ഔട്ട് ആയത് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിച്ചു.

യഷ് 110 റൺസും റഷീദ് 94 റൺസുമാണ് നേടിയത്. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും പുറത്തായത്. റഷീദിനെ ജാക്ക് നിസ്ബെറ്റ് പുറത്താക്കിയപ്പോള്‍ ധുൽ റണ്ണൗട്ടാകുകയായിരുന്നു. ഹര്‍നൂര്‍ സിംഗിനെയും ജാക്ക് ആണ് പുറത്താക്കിയത്.

4 പന്തിൽ 20 റൺസ് നേടിയ ദിനേശ് ബാനയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഇന്ത്യ 290 റൺസ് നേടി. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. അവസാന ഓവറിൽ 27 റൺസാണ് പിറന്നത്. നിഷാന്ത് സിന്ധു 12 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രാജവര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 13 റൺസ് നേടി പുറത്തായി.

Exit mobile version