അനായാസ ജയവുമായി ആതിഥേയര്‍, വെസ്റ്റിന്‍ഡീസിനെതിരെ 8 വിക്കറ്റ് ജയം

U-19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ദിവസത്തെ നാലാം മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. വെസ്റ്റിന്‍ഡീസിന്റെ 233 റണ്‍സ് 63 പന്തുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്. രണ്ടാം വിക്കറ്റില്‍ 163 റണ്‍സ് കൂട്ടുകെട്ട് നേടി ജേകബ് ഭൂല-ഫിന്‍ അലന്‍ കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. ഫിന്‍ അലന്‍ 115 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ജേകബ് 83 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനു ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 27.2 ഓവറില്‍ 123 റണ്‍സ് നേടിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സേ അവര്‍ക്ക് നേടാനായുള്ളു. ഓപ്പണര്‍ കീഗന്‍ സിമ്മണ്‍സ് 92 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കിമാനി മെലിയസ് 78 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി രചിന്‍ രവീന്ദ്ര, മാത്യൂ ഫിഷര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും ഫെലിക്സ് മുറേ 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗ്രൂപ്പ് സിയില്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്

ഗ്രൂപ്പ് സി മത്സരത്തില്‍ നമീബിയെ 87 റണ്‍സിനു പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഇന്ന് മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകന്‍ സൈഫ് ഹസന്‍ 84 റണ്‍സും മുഹമ്മദ് നമീം 60 റണ്‍സും നേടി ടീമിനെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളു. 55 റണ്‍സ് നേടിയ എബേന്‍ വാന്‍ വിക് ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ഖാസി ഒനിക്, ഹസന്‍ മഹമൂദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാപുവ ന്യു ഗിനിയ്ക്കെതിരെ സിംബാബ്‍വേയ്ക്കെ 10 വിക്കറ്റ് ജയം

യൂത്ത് ലോകകപ്പ് രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ടീമുകളുടെ പോരാട്ടത്തില്‍ സിംബാബ്‍വേയ്ക്ക് പാപുവ ന്യു ഗിനിയ്ക്കെതിരെ 10 വിക്കറ്റ് ജയം. മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗിനി 95 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 14 ഓവറില്‍ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ സിംബാബ്‍വേ തങ്ങളുടെ ആദ്യം ജയം സ്വന്തമാക്കി.

53 റണ്‍സുമായി വെസ്‍ലി മധവേരേയും 41 റണ്‍സ് നേടിയ ഗ്രിഗറി ഡോളറുമാണ് സിംബാബ്‍വേയുടെ വിജയശില്പികള്‍. ബൗളിംഗിലും വെസ്‍ലി മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-19 ഏഷ്യ കപ്പ് ഫൈനല്‍ ആവര്‍ത്തിച്ച് അഫ്ഗാനിസ്ഥാന്‍

യൂത്ത് ലോകകപ്പിലും പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ന്യൂസിലാണ്ടില്‍ ആരംഭിച്ച U-19 ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ടൂര്‍ണ്ണമെന്റിനു വിജയത്തുടക്കം കുറിച്ചത്. 5 വിക്കറ്റ് ജയമാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 47.4 ഓവറില്‍ 188 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

81 റണ്‍സ് നേടിയ റോഹൈല്‍ നാസിറിനു മികച്ച പിന്തുണ നല്‍കാന്‍ മറ്റു പാക് താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള, ഖായിസ് അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ നായകന്‍ നവീന്‍-ഉള്‍-ഹക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനു 47.3 ഓവറിലാണ് വിജയം നേടാനായത്. ദാര്‍വിഷ് റസൂലി 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇക്രം അലി ഖില്‍(46), റഹമാനുള്ള(31) എന്നിവര്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ ബാറ്റ് കൊണ്ട് നല്‍കി. സ്കോറുകള്‍ സമനിലയിലായപ്പോള്‍ സിക്സര്‍ പറത്തിയാണ് റസൂലി അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version