ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനൽ കളിക്കുന്നത് ഇത് തുടര്‍ച്ചയായ 4ാം തവണ

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്.  കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് ഫൈനലില്‍ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ ഇത്തവണ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്.

2018ൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. 2016ലെ പതിപ്പിലും ഇന്ത്യ ഫൈനലിലേക്ക് കടന്നപ്പോള്‍ വിന്‍ഡീസിനോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ 96 റൺസിന്റെ വിജയം ആണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്.

 

പാക്കിസ്ഥാന്‍ ജൈത്രയാത്രയ്ക്ക് അവസാനം കുറിച്ച് ഓസ്ട്രേലിയ

ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിത കുതിപ്പ് നടത്തിയെത്തിയ പാക്കിസ്ഥാന്റെ അന്തകരായി ഓസ്ട്രേലിയ. തങ്ങളുടെ ബൗളിംഗ് മികവ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരത്തിൽ പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് 276/7 എന്ന സ്കോര്‍ ആണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 35.1 ഓവറിൽ 157 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 119 റൺസിന്റെ വിജയം ആണ് ഓസീസ് നേടിയത്.

ടീഗ് വൈലി(71), കോറെ മില്ലര്‍(64), കാംപെൽ കെല്ലാവേ(47), കൂപ്പര്‍ കോണ്ണൊലി(33) എന്നിവരുടെ ടോപ് ഓര്‍ഡറിലെ പ്രകടനത്തിനൊപ്പം വില്യം സൽസ്മാനും(14 പന്തിൽ 25) ചേര്‍ന്നാണ് ഓസീസിന് 276 റൺസ് നേടിക്കൊടുത്തത്. പാക്കിസ്ഥാന്‍ നിരയിൽ ഖാസിം അക്രം 3 വിക്കറ്റും അവൈസ് അലി 2 വിക്കറ്റും നേടി.

വില്യം സൽസ്മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനൊപ്പം ടോം വൈറ്റ്‍നി, ജാക്ക് സിന്‍ഫീൽഡ് എന്നിവര്‍ രണ്ട് വിക്കറ്റും നേടിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 35.1 ഓവറിൽ പാക്കിസ്ഥാന്‍ 157 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 9ാമനായി ക്രീസിലെത്തി 29 റൺസ് നേടിയ മെഹ്രാന്‍ മുംതാസ് ആണ് പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍.

Exit mobile version