വിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയവുമായി കേരളം. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 162/7 എന്ന സ്കോര്‍ നേടിയ കേരളം വിദര്‍ഭയെ 136/7 എന്ന സ്കോറിലേക്ക് ചുരുക്കുകയായിരുന്നു. സന്ദീപ് വാര്യറുടെ മൂന്ന് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയായി മാറിയത്.

വിദര്‍ഭയുടെ മധ്യനിര ചെറുത്ത് നില്പ് നടത്തിയെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി കേരളം തിരിച്ചടിച്ചു. 29 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. അക്ഷയ് കാര്‍ണേവാര്‍ 28 റണ്‍സും റുഷഭ് രാജ്കുമാര്‍ റാഥോഡ് 23 റണ്‍സും നേടി വിദര്‍ഭയ്ക്കായി പൊരുതി നോക്കി.

നേരത്തെ റോബിന്‍ ഉത്തപ്പ(69*), സച്ചിന്‍ ബേബി(39) എന്നിവരുടെ മികവിലാണ് കേരളം 162 റണ്‍സ് നേടിയത്.