വെടിക്കെട്ട് തുടക്കം മുതലാക്കാനാകാതെ കേരളം, കര്‍ണ്ണാടകയോടും തോല്‍വി

- Advertisement -

ഓപ്പണര്‍മാരായ സഞ്ജു സാംസണും വിഷ്ണു വിനോദും നല്‍കിയ സ്ഫോടനാത്മകമായ തുടക്കം മുതലാക്കാന്‍ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ക്രീസിലെത്തിയ താരങ്ങള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കേരളത്തിനു സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകത്തോടും തോല്‍വി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 181/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ കേരളത്തിനു 161 റണ്‍സ് മാത്രമേ നേടാനായുള്ളു.

8 ഓവറില്‍ സഞ്ജുവും വിഷ്ണു വിനോദും കൂടി 96 റണ്‍സാണ് അടിച്ചത്. സഞ്ജു സാംസണ്‍ 26 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ വിഷ്ണു വിനോദ് 26 പന്തില്‍ 46 റണ്‍സ് നേടി പുറത്തായി. വിഷ്ണു പുറത്താകുമ്പോള്‍ കേരളം 9.3 ഓവറില്‍ 109 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിനയ് കുമാര്‍ പതിമൂന്നാം ഓവറില്‍ സഞ്ജുവിനെയും(71), സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ കേരളം വീണ്ടും പ്രതിരോധത്തിലായി. സഞ്ജു സാംസണ്‍ 41 പന്തുകളില്‍ നിന്നാണ് 71 റണ്‍സ് നേടിയത്.

109/0 എന്ന ശക്തമായ നിലയില്‍ നിന്ന് 128/3 എന്ന നിലയിലേക്ക് വീണ് കേരളം പതിയെ മത്സരം കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 36 പന്തില്‍ 47 റണ്‍സ് വേണമെന്ന സ്ഥിതിയില്‍ കേരളത്തിന്റെ കൈവശം 7 വിക്കറ്റുകള്‍ ലഭ്യമായിരുന്നുവെങ്കിലും പ്രവീണ്‍ ദുബേയുടെ ബൗളിംഗിനു മുന്നില്‍ കേരളത്തിന്റെ മധ്യനിര വെള്ളം കുടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഡാരില്‍ എസ് ഫെരാരിയോയെയും(7), അരുണ്‍ കാര്‍ത്തികിനെയും(13) വീഴ്ത്തി ദുബേ കേരളത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

കര്‍ണ്ണാടകയ്ക്കായി പ്രവീണ്‍ ദുബേ മൂന്നും വിനയ് കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ശ്രീനാഥ് അരവിന്ദ്, മിഥുന്‍ എ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മയാംഗ് അഗര്‍വാലിന്റെ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 181 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ നഷ്ടമായ കര്‍ണ്ണാടകയ്ക്കായി 58 പന്തില്‍ നിന്നാണ് മയാംഗ് 86 റണ്‍സ് നേടിയത്. കേരളത്തിനായി കെഎം ആസിഫ് രണ്ടും അഭിഷേക് മോഹന്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

സച്ചിന്‍ ബേബി ഇല്ലാതെ ഇറങ്ങിയ കേരളത്തിനെ സഞ്ജു സാംസണ്‍ ആണ് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement