കേരളത്തിനായി ക്വാര്‍ട്ടര്‍ ഉറപ്പാക്കി സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും

ഹിമാച്ചൽ പ്രദേശിനെതിരെ 8 വിക്കറ്റ് വിജയത്തോടെ കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഇന്ന് 146 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 22 റൺസ് നേടിയ രോഹുന്‍ കുന്നുമലിനെ നഷ്ടമായെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

98 റൺസ് നേടിയ കൂട്ടുകെട്ട് തകരുന്നത് 18ാം ഓവറിന്റെ അവസാന പന്തിലാണ്. 60 റൺസ് നേടിയ അസ്ഹറുദ്ദീനെ നഷ്ടമാകുമ്പോള്‍ കേരളം വിജയത്തിന് 14 റൺസ് അകലെയായിരുന്നു. സഞ്ജു തന്റെ അര്‍ദ്ധ ശതകം തികച്ച് സച്ചിന്‍ ബേബിയ്ക്കൊപ്പം കേരളത്തിനെ വിജയത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന ഓവറിൽ കേരളത്തിന് 4 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.

19.3 ഓവറിൽ കേരളം വിജയിക്കുമ്പോള്‍ സഞ്ജു 39 പന്തിൽ 52 റൺസും സച്ചിന്‍ ബേബി 5 പന്തിൽ 10 റൺസും നേടിയാണ് ക്രീസിലുണ്ടായിരുന്നത്.