രണ്ട് സെഷനുകള്‍, 201 റണ്‍സ്, സിഡ്നി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നേരത്തെ നഷ്ടമായെങ്കിലും ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്ത്യയെ എത്തിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 206/3 എന്ന നിലയിലാണ്. 98/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് നാല് റണ്‍സ് കൂടി നേടുന്നതിനിടെ രഹാനെയെ നഷ്ടമായി.

4 റണ്‍സ് നേടിയ താരത്തെ നഥാന്‍ ലയണ്‍ ആണ് പുറത്താക്കിയത്. പിന്നീട് 104 റണ്‍സ് കൂട്ടുകെട്ടാണ് പന്തും പുജാരയും ചേര്‍ന്ന് നേടിയത്. പുജാര പതിവ് ശൈലിയില്‍ ഒരു വശത്ത് നങ്കൂരമിട്ടപ്പോള്‍ ഋഷഭ് പന്ത് 73 റണ്‍സ് നേടി ഇന്ത്യയുടെ പ്രതീക്ഷകളെയും കാത്ത് സൂക്ഷിച്ചു.

പുജാര 41 റണ്‍സാണ് നേടി നില്‍ക്കുന്നത്. ഋഷഭ് പന്തിന്റെ രണ്ട് ക്യാച്ചുകള്‍ ടിം പെയിന്‍ കൈവിട്ടതും മത്സരത്തെ കൂടുതല്‍ ആവേശകരമാക്കി.