“10 പേരായി ചുരുങ്ങിയപ്പോഴും വിജയം മാത്രമായിരുന്നു ലക്ഷ്യം”

ഇന്നലെ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ലാൽറുവത്താര ചുവപ്പ് കാർഡ് വാങ്ങി കളം വിടുമ്പോൾ സ്കോർ 1-1 എന്നായിരുന്നു. എന്നിട്ടും പതറാതെ പൊരുതിയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങിയപ്പോഴും വിജയത്തെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജോർദൻ മറെ പറഞ്ഞു. സമനിലയെ കുറിച്ച് ടീം ചിന്തിച്ചിട്ടെ ഇല്ലായിരുന്നു എന്ന് മറെ പറഞ്ഞു. ഇന്നലെ ഇരട്ട ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത് മറെ ആയിരുന്നു.

പത്ത് പേരുമായി ധൈര്യമായി കളിച്ച ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്ന് മറെ മത്സര ശേഷം പറഞ്ഞു. ഈ വിജയം ടീമിന് ഏറെ ആത്മവിശ്വാസം നൽകും എന്നും ലീഗിന്റെ രണ്ടാം പകുതി തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഈ വിജയം നല്ലതാണെന്നും താരം പറഞ്ഞു. ടീം നല്ല പ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു എങ്കിലും സ്ഥിരത ഇല്ലാത്തത് ആണ് വലിയ പ്രശ്നമായി മാറിയത് എന്നും താരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആണ് ടീമിന്റെ ശക്തി എന്നും ആരാധകരുടെ പിന്തുണ തുടർന്നും വേണമെന്നും താരം പറഞ്ഞു.