ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു, ബിസിസിഐയോട് ശിക്ഷ കാലയളവ് പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതി

ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീം കോടതി. ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇതിന്മേല്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോളാണ് 2013ല്‍ ഈ സംഭവം നടക്കുന്നത്. മത്സരത്തില്‍ ഓവറുകളില്‍ നിന്ന് നിശ്ചിത റണ്‍സ് വിട്ട് നല്‍കാമെന്ന് സമ്മതിച്ച് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. ബിസിസിഐയുടെ വിലക്ക് കേരള ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയില്‍ ഈ വിധിയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.