2011 ഫൈനലില്‍ ധോണിയോട് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുവാനുള്ള നിര്‍ദ്ദേശം തന്റേതായിരുന്നുവെന്ന് സച്ചിന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2011 ഏപ്രില്‍ 2ന് ഇന്ത്യ തങ്ങളുടെ ചരിത്ര ലോകകപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ അന്ന് ഗൗതം ഗംഭീറിന്റെ നിര്‍ണ്ണായകമായ 97 റണ്‍സിനൊപ്പം എടുത്ത് പറയുവാന്ന പ്രകടനം എംഎസ് ധോണിയുടെ പുറത്താകാതെ നേടിയ 91 റണ്‍സാണ്. അന്ന് സിക്സര്‍ നേടി വിജയം കുറിച്ച ധോണി നാലാം നമ്പറില്‍ ഇറങ്ങുകയായിരുന്നു. ഇന്ത്യ 114/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് ധോണി യുവരാജിന് പകരം നാലാം നമ്പറില്‍ ഇറങ്ങിയത്.

ഈ തീരുമാനം തന്റെ നിര്‍ദ്ദേശം ആയിരുന്നുവെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയത്. അന്തിമ തീരുമാനത്തിന് മുമ്പ് താനും സേവാഗും ധോണിയും ക്രിര്‍സ്റ്റനും ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനം എടുത്തത്. ഡ്രെസ്സിംഗ് റൂമില്‍ താനും സേവാഗും മത്സരം കാണുമ്പോളാണ് ഈ ആശയം തനിക്ക് ആദ്യം തോന്നിയതെന്നും അപ്പോള്‍ തങ്ങളുടെ അടുത്തേക്ക് എത്തിയ ധോണിയോട് പറയുകയും കിര്‍സ്റ്റനൊപ്പം ചര്‍ച്ച ചെയ്ത ശേഷമാണ് ഇതുമായി മുന്നോട്ട് പോയതെന്ന് സച്ചിന്‍ പറഞ്ഞു.

താന്‍ ധോണിയോട് ഇത് പരിഗണിക്കുവാന്‍ പറഞ്ഞപ്പോള്‍ ധോണി കിര്‍സ്റ്റനോട് ഇത് പറയുകയും ഡ്രെസ്സിംഗ് റൂമിന് പുറത്തുള്ള ഗാരിയും തങ്ങളോടൊപ്പം ചര്‍ച്ചയില്‍ ചേരുകയായിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി. ഈ നിര്‍ണ്ണായ നീക്കം ഇന്ത്യയുടെ കിരീടം സാധ്യമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയായിരുന്നു.