മൂന്നാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ചരിത്ര വിജയത്തിന് അയര്‍ലണ്ട് നേടേണ്ടത് 182 റണ്‍സ്

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 303 റണ്‍സിന് പുറത്താക്കി അയര്‍ലണ്ട്. ജയത്തിനായി ടീം നേടേണ്ടത് 182 റണ്‍സാണ്. ഈ ലക്ഷ്യം നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ വിജയം നേടുവാനാകും അയര്‍ലണ്ടിന്. ഇംഗ്ലണ്ട് തലേ ദിവസം 77.4 ഓവറില്‍ 303/9 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളിമുടക്കിയത്. ഇന്ന് മത്സരം പുനരാരംഭിച്ചപ്പോള്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി സ്റ്റുവര്‍ട് തോംപ്സണ്‍ ആണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനം കുറിച്ചത്. പൂജ്യം റണ്‍സിന് ഒല്ലി സ്റ്റോണിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 21 റണ്‍സുമായി സ്റ്റുവര്‍ട് ബ്രോഡ് പുറത്താകാതെ നിന്നു.

അയര്‍ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് തോംപ്സണും മാര്‍ക്ക് അഡൈറും മൂന്ന് വീതം വിക്കറ്റ് നേടി. ജാക്ക് ലീഷ്, ജേസണ്‍ റോയ് കൂട്ടുകെട്ടിന്റെ ചെറുത്ത്നില്പാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.