ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുഹമ്മദ് അമീര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമില്‍ അവസാനം എത്തിയ താരം ആദ്യം പ്രാഥമിക സ്ക്വാഡില്‍ അംഗമായിരുന്നില്ല. പിന്നീട് ആദ്യ മത്സരങ്ങളില്‍ പാക് നിരയില്‍ താരം മാത്രമാണ് ബൗളിംഗ് മികവ് കണ്ടെത്തിയത്. ടൂര്‍ണ്ണമെന്റ് പുരോഗമിക്കവേ പാക്കിസ്ഥാന്‍ താരത്തിന്റെ ഫോം നഷ്ടമാകുകയും ചെയ്തിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്നാണ് താരം പറയുന്നത്.

വെറും 27 വയസ്സ് മാത്രമുള്ള താരത്തിന്റെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത കാലത്തായി മോശം ഫോമിലൂടെയാണ് താരം കടന്ന് പോകുന്നതെങ്കിലും ലോകകപ്പില്‍ താരത്തിന്റെ പരിചയ സമ്പത്തിനെ പാക്കിസ്ഥാന്‍ പരിഗണിക്കുകയായിരുന്നു.

36 ടെസ്റ്റ് മത്സരങ്ങളിലായി പാക്കിസ്ഥാന് വേണ്ടി 119 വിക്കറ്റുകളാണ് അമീര്‍ നേടിയിട്ടുള്ളത്. 2010ല്‍ അമീറിനെ സ്പോട്ട് ഫിക്സിംഗിന് ഐസിസി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2016 ജനുവരിയില്‍ ന്യൂസിലാണ്ട് ടൂറിലാണ് താരം വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നത്. 2007ല്‍ വസീം അക്രം ആണ് ഈ മിന്നും പേസ് ബൗളറെ കണ്ടെത്തിയത്.

അന്ന് 15 വയസ്സ് പ്രായം  മാത്രമുണ്ടായിരുന്ന താരം പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ച് ഇംഗ്ലണ്ടിനെതിരെ മികവാര്‍ന്ന പ്രകടനം പുറത്തെടുത്തിരുന്നു. 2009ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു താരം ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

ലോര്‍ഡ്സ് ടെസ്റ്റില്‍ മനഃപ്പൂര്‍വ്വം നോ ബോളുകള്‍ എറിഞ്ഞെന്ന് കണ്ടെത്തിയതിന് സഹ താരം മുഹമ്മദ് ആസിഫിനൊപ്പം അമീറിനെയും വിലക്കുകയായിരുന്നു.