ധോണിയുടെ പകരക്കാരൻ ആവുന്നത് കടുത്ത വെല്ലുവിളി, പക്ഷേ താൻ അതിന് തയ്യാറാണെന്ന് റിഷഭ് പന്ത്

ഇന്ത്യൻ ടീമിൽ ധോണിയുടെ പകരക്കാരൻ ആവുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും എന്നാൽ താൻ അതിന് തയ്യാറാണെന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. വെസ്റ്റിൻഡീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആയിരുന്നു. സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റിൻഡീസ് പരമ്പരക്കുള ടീമിൽ നിന്ന് ധോണി വിട്ട് നിന്നിരുന്നു.

എം.എസ് ധോണിയുടെ പകരക്കാരനായിട്ടാണ് റിഷഭ് പന്തിനെ ഇന്ത്യൻ ക്രിക്കറ്റ് ലോകം കാണുന്നത്. ടെസ്റ്റിൽ നിന്ന് ധോണി വിരമിച്ചതോടെ റിഷഭ് പന്ത് ടെസ്റ്റിൽ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പർ ആയിരുന്നു. ധോണിയുടെ പകരക്കാരൻ ആവുന്നതിനെ പറ്റി താൻ ഇപ്പോൾ കൂടുതൽ ആലോചിക്കുന്നില്ലെന്നും പന്ത് പറഞ്ഞു. ആരാധകർ എന്ത് പറയുന്നു എന്ന് താൻ നോക്കുന്നില്ല. ഞാൻ എന്താണോ ചെയ്യേണ്ടത് അതാണ് ചെയ്യാൻ ശ്രമിക്കുന്നതെന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ പറഞ്ഞു.  രാജ്യത്തിന് വേണ്ടി തന്നെ കൊണ്ട് ആവുന്നത് പോലെ മികച്ച പ്രകടനം പുറത്തെടുക എന്നതാണ് തന്റെ ലക്‌ഷ്യം എന്നും തനിക്ക് എന്താണ് ചെയ്യാൻ പറ്റുമെന്നാണ് താൻ നോക്കുന്നതെന്നും തന്റെ കഴിവിൽ എന്തൊക്കെ മെച്ചപ്പെടുത്താൻ കഴിയുമോ എന്നാണ് താൻ നോക്കുന്നതെന്നും പന്ത് പറഞ്ഞു.

ധോണി ഓരോ മത്സരത്തെ കാണുന്ന രീതിയേയും പ്രശംസിച്ച പന്ത് സമ്മർദ്ദ ഘട്ടങ്ങളിൽ ധോണി വളരെ ശാന്തൻ ആണെന്നും പന്ത് പറഞ്ഞു. താൻ കളിക്കുമ്പോൾ തനിക്ക് പ്രത്യേകമായി ഒരു സ്റ്റൈൽ ഇല്ലെന്നും സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്ന ആളാണെന്നും പന്ത് പറഞ്ഞു. ഇന്ത്യക്ക് ലോകകപ്പിൽ വെല്ലുവിളി സൃഷ്ട്ടിച്ച നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ടെന്നും റിഷഭ് പന്ത് പറഞ്ഞു.