എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട്, കോഹ്‍ലിയുടെ നിര്‍ണ്ണായക വിക്കറ്റുമായി സ്റ്റോക്സ്

- Advertisement -

വിരാട് കോഹ്‍ലിയുടെ ചെറുത്ത് നില്പിനെ ബെന്‍ സ്റ്റോക്സ് അവസാനിപ്പിച്ചപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്കെതിരെ 31 റണ്‍സ് വിജയം നേടി ഇംഗ്ലണ്ട്. 110/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ദിനേശ് കാര്‍ത്തിക്കിനെ(20) നഷ്ടമായി. തലേ ദിവസത്തെ സ്കോറിനോട് കൂടി 2 റണ്‍സാണ് ഇന്ത്യ ചേര്‍ത്തത്. ജെയിംസ് ആന്‍ഡേഴ്സണായിരുന്നു വിക്കറ്റ്.

പിന്നീട് ഏഴാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും(51)-ഹാര്‍ദ്ദിക്ക് പാണ്ഡ്യ കൂട്ടുകെട്ട് 29 റണ്‍സ് നേടി മെല്ലെ നേടേണ്ട റണ്‍സ് കുറച്ച് കൊണ്ടുവന്നുവെങ്കിലും ബെന്‍ സ്റ്റോക്സ് തന്റെ ബൗളിംഗിനായി മടങ്ങിയെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. 51 റണ്‍സ് നേടിയ കോഹ്‍ലിയെ പുറത്താക്കിയ അതേ ഓവറില്‍ മുഹമ്മദ് ഷമിയെയും പുറത്താക്കി ഇന്ത്യയെ സ്റ്റോക്സ് കൂടുതല്‍ പ്രതിരോധത്തിലാക്കി.

54.2 ഓവറുകള്‍ക്ക് ശേഷം 162 റണ്‍സ് നേടിയാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് 31 റണ്‍സ് നേടി അവസാന വിക്കറ്റായി മടങ്ങിയത്. ഇഷാന്ത് ശര്‍മ്മ 11 റണ്‍സ് നേടി ആദില്‍ റഷീദിനു വിക്കറ്റ് നല്‍കി മടങ്ങി. കോഹ്‍ലിയുടെയും ഹാര്‍ദ്ദിക്കിന്റെയും ഉള്‍പ്പെടെ 4 വിക്കറ്റുകളാണ് ബെന്‍ സ്റ്റോക്സ് നേടിയത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement