ഡികോക്കിനു ശതകം നഷ്ടം, ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ലങ്ക

220/4 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ 251 റണ്‍സിനു ഓള്‍ഔട്ട് ആക്കി മികച്ച തിരിച്ചുവരവ് നടത്തി ശ്രീലങ്ക. ക്വിന്റണ്‍ ഡികോക്കിനു ശതകം നഷ്ടമായ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഫാഫ് ഡു പ്ലെസി പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് നേടിയ ഡികോക്ക്-റീസ ഹെന്‍ഡ്രിക്സ് കൂട്ടുകെട്ടിനെ മലിംഗ തകര്‍ത്തപ്പോള്‍ ഹെന്‍ഡ്രിക്സ് നേടിയത് 29 റണ്‍സായിരുന്നു.

അധികം വൈകാതെ തിസാര പെരേര ഡികോക്കിനെയും(94) റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും(2) പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച ആരംഭിച്ചു. 57 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും പുറത്തായ ശേഷം 31 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകള്‍ നിലം പതിച്ചു. 45.1 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിച്ചത്.

ലങ്കയ്ക്കായി തിസാര പെരരേ മൂന്നും ലസിത് മലിംഗ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

Comments are closed.