മൗറീനോ റയൽ മാഡ്രിഡിന്റെ പരിശീലകനാവുമെന്ന് മുൻ പ്രസിഡന്റ്

- Advertisement -

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ മൗറിനോ റയൽ മാഡ്രിഡിന്റെ പരിശീലകനാവുമെന്ന് മുൻ റയൽ മാഡ്രിഡ് പ്രസിഡന്റ റമോൺ കാൽഡെറോൺ. നേരത്തെ മൗറിനോ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്നു. ഇപ്പോഴത്തെ റയൽ മാഡ്രിഡ് പ്രസിഡന്റ് ആയ ഫ്ലോരെന്റിനോ പെരസ് ബഹുമാനിക്കുന്ന ഏക പരിശീലകൻ മൗറിനോ ആണെന്നും മുൻ പ്രസിഡന്റ് പറഞ്ഞു.

സിദാൻ ടീം വിട്ടപ്പോൾ മൗറിനോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായത്  കൊണ്ടാണ് അന്ന് മൗറീനോയെ പരിഗണിക്കാതിരുന്നതെന്ന് പെരസ് തന്നോട് പറഞ്ഞുവെന്ന് റമോൺ കാൽഡെറോൺ വ്യക്തമാക്കി.  ഒരാഴ്ചക്കുള്ളിൽ കോപ്പ ഡെൽറേയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് മുൻ പ്രസിഡന്റിന്റെ പരാമർശം. ആദ്യ പാദത്തിൽ 2-1ന് ജയിച്ചതിന് ശേഷം സ്വന്തം ഗ്രൗണ്ടിൽ രണ്ടാം പാദത്തിൽ 4-1ന് അയാക്സിനെതിരെ റയൽ മാഡ്രിഡ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ മുൻ സ്പെയിൻ പരിശീലകനായിരുന്ന ലോപെടെഗിയെ പുറത്താക്കിയതിന് ശേഷമാണ് പരിശീലകനായി സോളാരിയെ നിയമിച്ചത്. സോളാരിക്ക് കീഴിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കെയാണ് ബാഴ്‌സലോണയുമായുള്ള രണ്ടു എൽ ക്ലാസിക്കോ മത്സരങ്ങൾ റയൽ മാഡ്രിഡ് പരാജയപ്പെടുകയും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തത്. ഇതോടെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനെ തേടുന്ന എന്ന വാർത്തകൾ പുറത്തുവന്നത്.

2013ലാണ് മൗറിനോ റയൽ മാഡ്രിഡ് വിട്ട് ചെൽസിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടിൽ അയാക്സിനെതിരെ നാണം കെട്ട തോൽവിക്ക് പിന്നാലെ റയൽ മാഡ്രിഡ് ആരാധകർ മൗറിനോയെ തിരിച്ചുകൊണ്ടുവരാണെമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Advertisement