ഏഴ് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ക്വിന്റണ്‍ ഡി കോക്ക് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ നിഷ്പ്രഭം

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ഏഴ് വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക 3-2നു പരമ്പര സ്വന്തമാക്കി. ഇന്ന് ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 240/8 എന്ന നിലയില്‍ പാക്കിസ്ഥാനെ ഒതുക്കിയ ടീം 40 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

58 പന്തില്‍ നിന്ന് 83 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്കിനു പിന്തുണയായി ഫാഫ് ഡു പ്ലെസിയും(50*) റാസി വാന്‍ ഡെര്‍ ഡൂസെന്നും(50*) തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമായി മാറുകയായിരുന്നു. 95 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്. റീസ ഹെന്‍ഡ്രിക്സ് 34 റണ്‍സ് നേടി ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

നേരത്തെ ഫകര്‍ സമന്റെ അര്‍ദ്ധ ശതകം മാത്രമാണ് പാക്കിസ്ഥാന്‍ നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം. ഇമാദ് വസീം 47 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഷൊയ്ബ് മാലിക് 31 റണ്‍സ് നേടി. ബാബര്‍ അസം 24 റണ്‍സും നേടി. ഇമാദ് വസീമിന്റെ അവസാന ഓവര്‍ വെടിക്കെട്ടാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസും ആന്‍ഡിലെ ഫെഹ്ലക്വായോയും രണ്ട് വീതം വിക്കറ്റ് നേടി.