സി ആര്‍ പി എഫിലെ മലയാളി ത്രയം

മലപ്പുറം: ഇന്നലെ ബംഗാളിനെതിരെ സിആര്‍പിഎഫ് വിജയം നേടിയതിന് പിന്നില്‍ മലയാളി താരങ്ങളുടെ കരുത്ത് ശ്രദ്ധേയമായി. തിരുവനന്തപുരം കൊച്ചുവേളിയിലെ ആന്റണിയുടെ മകന്‍ മോസസ് ആന്റണിയും സ്‌ട്രൈക്കര്‍ ആലപ്പുഴയിലെ ടി ബി ജോണുമാണ് കളത്തിലിറങ്ങിയത്. മറ്റൊരു ടീമംഗമായ കണ്ണൂരിലെ മിഡ്ഫീല്‍ഡര്‍ പി വി സുനീഷ് പരിക്ക് മൂലം ഇന്നലെ ഇറങ്ങിയിരുന്നില്ല. മത്സരത്തില്‍ മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തിയ കീപ്പര്‍ മോസസ് ശരിക്കും മത്സരത്തിലെ താരമായി. ഒരു വേള അഡ്വാന്‍സ് ചെയ്ത് നില്‍ക്കെ ബംഗാള്‍ താരം തലക്കുമുകളിലൂടെ ലോങ് റേഞ്ച് പായിച്ചു. ഗോളെന്നുറപ്പിച്ച നിമിഷമാണ് മോസസ് പിന്നിലേക്ക് ഡൈവ് ചെയ്ത് മാറ്റിമറിച്ചത്.

2013ല്‍ സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്ന മോസസ് കഴിഞ്ഞ തവണ സന്തോഷ് ട്രോഫിയില്‍ പഞ്ചാബിന്റെ ഗോള്‍ വലകാത്തിരുന്നു. ഇത്തവണയും പഞ്ചാബ് ക്യാംപിലുണ്ട്. ആള്‍ ഇന്ത്യാ യുണിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പില്‍ കേരള യൂണിവേഴ്‌സിറ്റിക്കും എസ്ബിടി ജൂനിയര്‍ ടീമിലും കെഎസ്ഇബിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.