രണ്ടാം ടി20യിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം, ശ്രീലങ്കന്‍ പോരാട്ടത്തിനു മാന്യത നല്‍കി ഇസ്രു ഉഡാന

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 180/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്കയ്ക്ക് 164 റണ്‍സേ നേടാനായുള്ളു. 48 പന്തില്‍ നിന്ന് 84 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഇസ്രു ഉഡാനയാണ് ശ്രീലങ്കയുടെ സ്കോറിനു മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 83/7 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ 8 ഫോറും 6 സിക്സും സഹിതം 84 റണ്‍സ് നേടിയാണ് ഇസ്രു തോല്‍വിയുടെ ഭാരം കുറച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ് മൂന്നും ഡെയില്‍ സ്റ്റെയിന്‍, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ എന്നിവരാണ് തിളങ്ങിയത്. റീസ 65 റണ്‍സും റാസ്സി 64 റണ്‍സും നേടിയപ്പോള്‍ 17 പന്തലി്‍ നിന്ന് പുറത്താകാതെ 33 റണ്‍സ് നേടി ജീന്‍ പോള്‍ ഡുമിനിയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.