ഫിഞ്ചിന്റെ ശതകത്തിലൂടെ ആദ്യ ജയം നേടി ഓസ്ട്രേലിയ

- Advertisement -

പാക്കിസ്ഥാന്‍ നല്‍കിയ 281 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ മറികടന്ന് ആദ്യ ഏകദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ഹാരിസ് സൊഹൈല്‍ നേടിയ ശതകത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സിലേക്ക് നീങ്ങിയത്. അരങ്ങേറ്റക്കാരന്‍ ഷാന്‍ മക്സൂദ് 40 റണ്‍സും ഉമര്‍ അക്മല്‍ 48 റണ്‍സും നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ 28 റണ്‍സുമായി ഇമാദ് വസീമും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ രണ്ട് വിക്കറ്റ് നേടി.

ആരോണ്‍ ഫിഞ്ചിന്റെ 116 റണ്‍സിനൊപ്പം ഷോണ്‍ മാര്‍ഷ് പുറത്താകാതെ 91 റണ്‍സുമായി ക്രീസില്‍ നിന്നപ്പോള്‍ 49ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു. 8 ഫോറും 4 സിക്സും സഹിതമാണ് ഫിഞ്ചിന്റെ ശതകം. ഉസ്മാന്‍ ഖവാജ 24 റണ്‍സ് നേടി പുറത്തായപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 30 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ഫോം കണ്ടെത്തിയ ആരോണ്‍ ഫിഞ്ച് ഏറെക്കാലം കൂടിയാണ് ഇന്ന് തന്റെ ശതകം സ്വന്തമാക്കിയത്. സിക്സറിലൂടെയാണ് തന്റെ 12ാം ഏകദിന ശതകം താരം പൂര്‍ത്തിയാക്കിയത്.

Advertisement