ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന നിലയിലാണ്.

62 റണ്‍സ് നേടിയ സുബൈര്‍ ഹംസയും 32 റണ്‍സ് നേടിയ ടെംബ ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്നത്. തലേ ദിവസത്തെ സ്കോറായ 9/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ വേഗത്തില്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസയും ടെംബ ബാവുമയും ചേര്‍ന്ന് സ്കോര്‍ 107ലേക്ക് എത്തിച്ചുവെങ്കിലും സുബൈറിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

91 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ ടെംബ ബാവുമയെ ഷഹ്ബാസ് നദീം പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി. നദീം തന്റെ ടെസ്റ്റിലെ ആദ്യ വിക്കറ്റാണ് ബാവുമയെ പുറത്താക്കി നേടിയത്.

107/3 എന്ന നിലയില്‍ നിന്ന് 107/5 എന്ന നിലയിലേക്ക് വീണ് ദക്ഷിണാഫ്രിക്കയെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ക്ലാസ്സനെ പുറത്താക്കി രവീന്ദ്ര ജഡേജ സന്ദര്‍ശകരുടെ നില കൂടുതല്‍ ദയനീയമാക്കി.

368 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കായി ഇപ്പോള്‍ 10 റണ്‍സുമായി ജോര്‍ജ്ജ് ലിന്‍ഡേയും 4 റണ്‍സ് നേടിയ ഡെയ്ന്‍ പീഡെടുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.