ഫൈനൽ എത്തിയത് കൊണ്ട് ജോലി പൂർത്തിയായിട്ടില്ല – ശ്രേയസ് അയ്യർ
ഐ പി എൽ ക്വാളിഫയർ 2വിൽ ശ്രേയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചപ്പോൾ പഞ്ചാബ് കിംഗ്സ് 204 റൺസ് പിന്തുടർന്ന് മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഐപിഎൽ 2025 ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

നിറഞ്ഞ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. എന്നാൽ ഈ സീസണിൽ തങ്ങളുടെ ധീരമായ ബാറ്റിംഗിന് പേരുകേട്ട പഞ്ചാബ് കിംഗ്സ് അതേ നാണയത്തിൽ മറുപടി നൽകി, 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി വിജയിച്ചു. ശ്രേയസ് അയ്യറുടെ ശാന്തവും മികച്ചതുമായ ഇന്നിംഗ്സാണ് ചെയ്‌സിന് അടിത്തറയായത്.
പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട അയ്യർ ഫൈനല എത്തിയത് കൊണ്ട് ജോലി പൂർത്തിയാകുന്നില്ല എന്ന് പറഞ്ഞു. കിരീടം തന്നെയാണ് ലക്ഷ്യം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
“സത്യം പറഞ്ഞാൽ, എനിക്ക് ഇങ്ങനെയുള്ള വലിയ മത്സരങ്ങൾ ഇഷ്ടമാണ്. വലിയ മത്സരങ്ങൾ വരുമ്പോൾ നിങ്ങൾ കൂടുതൽ ശാന്തരാകുന്തോറും മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് ഞാൻ എന്നോടും ടീമിലെ സഹപ്രവർത്തകരോടും എപ്പോഴും പറയാറുണ്ട്. ഇന്ന് അതിൻ്റെ ഒരു ഉദാഹരണമായിരുന്നു,” അയ്യർ പറഞ്ഞു
“കഴിഞ്ഞുപോയതിനെക്കുറിച്ച് അധികം ചിന്തിക്കാതെ, ഞങ്ങൾ എവിടെയാണ് തെറ്റ് വരുത്തിയതെന്ന് ഓർക്കാതെ മുന്നോട്ട് പോകുക. കാരണം സീസൺ മുഴുവൻ ഞങ്ങൾ മികച്ച കളിയാണ് കളിച്ചത്. ഒരു മത്സരം കൊണ്ട് ഞങ്ങളെ ഒരു ടീമായി നിർവചിക്കാൻ കഴിയില്ല.” ആർ സി ബിക്ക് എതിരായ തോൽവിയിൽ നിന്ന് കരകയറിയതിനെ കുറിച്ച് ശ്രേയസ് പറഞ്ഞു.