ടി20, ഏകദിന ക്യാപ്റ്റന്‍സി ഒഴിയുവാന്‍ കോഹ്‍ലിയോട് രവി ശാസ്ത്രി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു

ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിരാട് കോഹ്‍ലിയോട് തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകദിന, ടി20 ക്യാപ്റ്റന്‍സി ഒഴിയുവാന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ലോകകപ്പിന് ശേഷം ഒഴിയുമെന്ന് വിരാട് കോഹ്‍ലി അറിയിച്ചത്. ഈ സീസണോടെ ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയും ഒഴിയുമെന്ന് വിരാട് അറിയിച്ചിട്ടുണ്ട്.

2017 മുതലാണ് കോഹ്‍ലി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി എത്തുന്നത്. ബിസിസിഐ ഒഫീഷ്യലാണ് കോഹ്‍ലിയോട് ക്യാപ്റ്റന്‍സി ഒഴിയുവാന്‍ ശാസ്ത്രി ആവശ്യപ്പെട്ടതായി അറിയിച്ചത്. എന്നാൽ താരം ഈ ആവശ്യം അവഗണിക്കുകയായിരുന്നു.

കോഹ്‍ലി ഇല്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ചതോടെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്.