ആ ചിരി വളരെ അധികം ദുഖം മൂടി വെച്ച ഒന്നായിരുന്നു, ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷമുള്ള തന്റെ പുഞ്ചിരിയെ കുറിച്ച് സംഗക്കാര

2011 ലോകകപ്പ് ഫൈനലില്‍ ഏവര്‍ക്കും ഓര്‍മ്മ നില്‍ക്കുന്നതാണ് ധോണി സിക്സ് നേടി ഇന്ത്യയെ വിജയ കിരീടത്തിലേക്ക് നയിച്ചത്. അന്ന് തോല്‍വിയിലും പുഞ്ചിരിച്ച് നിന്ന ഒരു മുഖമാണ് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര. ധോണിയും യുവരാജും കെട്ടിപ്പുണര്‍ന്ന് വിജയം ആഘോഷിച്ചപ്പോള്‍ ചെറു പുഞ്ചിരിയുമായി കുമാര്‍ സംഗക്കാര നിലകൊണ്ടു.

1996ലെ ലോകകപ്പ് കിരീടത്തിന് ശേഷം വീണ്ടുമൊരു അവസരം ലഭിച്ചത് നഷ്ടപ്പെട്ടപ്പോള്‍ ഉള്ള സങ്കടം മറയ്ക്കുന്നതായിരുന്നു ആ പുഞ്ചിരി എന്നാണ് ആ നിമിഷത്തെ ഓര്‍ത്തെടുത്ത് സംഗക്കാര പറഞ്ഞത്. ശ്രീലങ്കക്കാരെ സംബന്ധിച്ചിടത്തോളം 30 വര്‍ഷത്തിലധികം യുദ്ധത്തിലൂടെയാണവര്‍ കടന്ന് പോയത്, അതിനാല്‍ തന്നെ ആ ചിരി 20 മില്യണ്‍ ആളുകളുടെ ദുഖത്തിന്റെയും നിരാശയെയും മറയ്ക്കുന്ന ഒന്നാണെന്ന് കരുതുവാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സംഗക്കാര പറഞ്ഞു.

രവിചന്ദ്രന്‍ അശ്വിനുമായുള്ള തന്റെ ഇന്‍സ്റ്റാഗ്രാം ചാറ്റിലാണ് കുമാര്‍ സംഗക്കാര ഈ കാര്യം വിശദമാക്കിയത്.