ഇംഗ്ലണ്ടിനെതിരെ 146 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക

ടോപ് ഓര്‍ഡറില്‍ ക്വിന്റണ്‍ ഡി കോക്കും ഇന്നിംഗ്സിന്റെ അവസാനത്തോടെ ജോര്‍ജ്ജ് ലിന്‍ഡേയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും നേടിയ റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ 146 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ സ്കോര്‍.

ഡി കോക്ക് 18 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ടെംബ ബാവുമ(13), റീസ ഹെന്‍ഡ്രിക്സ്(16), ഫാഫ് ഡു പ്ലെസി(11), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(7) എന്നിവരെല്ലാം വേഗത്തില്‍ പുറത്താകുകയായിരുന്നു. 95/5 എന്ന നിലയില്‍ നിന്ന് 44 റണ്‍സ് കൂട്ടുകെട്ടുമായി റാസ്സി-ലിന്‍ഡേ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്.

19ാം ഓവറില്‍ ജോര്‍ജ്ജ് ലിന്‍ഡേ റണ്ണൗട്ടായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തില്‍ നിന്ന് 29 റണ്‍സാണ് താരം നേടിയത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് രണ്ട് വിക്കറ്റ് നേടി. റഷീദ് തന്റെ 50ാം ടി20 വിക്കറ്റും മത്സരത്തില്‍ നേടി. ഇംഗ്ലണ്ടിനായി ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് റഷീദ്.