തുടക്കം അടിയോടടി, പിന്നെ തകര്‍ച്ച, വീണ്ടും തിരിച്ചുവരവൊരുക്കി റൂട്ടും – ബൈര്‍സ്റ്റോയും, ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് കുതിയ്ക്കുന്നു

എഡ്ജ്ബാസ്റ്റണിൽ മേൽക്കൈ നഷ്ടപ്പെടുത്തി ഇന്ത്യ. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 190/4 എന്ന നിലയിൽ നിന്ന് 245 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ടിന് മുന്നിലുണ്ടായിരുന്ന ലക്ഷ്യം 378 റൺസായിരുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ അവസാന ദിവസം 7 വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് വേണ്ടത് വെറും 119 റൺസ്. വിഷമകരമായ ചേസിംഗ് അനായാസമാക്കി മാറ്റിയത് ഇംഗ്ലണ്ടിന്റെ പുതിയ ശൈലി തന്നെയാണ്.

ഓപ്പണര്‍മാരായ അലക്സ് ലീസും സാക്ക് ക്രോളിയും മികച്ച രീതിയിൽ ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഒന്നാം വിക്കറ്റിൽ 107 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 46 റൺസ് നേടിയ ക്രോളിയെ പുറത്താക്കിയ ബുംറ തന്റെ അടുത്ത ഓവറിൽ ഒല്ലി പോപിനെയും പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ അലക്സ് ലീസ് റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 56 റൺസായിരുന്നു താരം നേടിയത്.

Indiaengland

107/0 എന്ന നിലയിൽ നിന്ന് 109/3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണുവെങ്കിലും ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ചേര്‍ന്ന് 150 റൺസ് നേടി ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. 258/3 എന്ന സ്കോറാണ് വെറും 57 ഓവറിൽ നിന്ന് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ട് 76 റൺസും ജോണി ബൈര്‍സ്റ്റോ 72 റൺസും നേടിയാണ് ഇന്ത്യയുടെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി 125/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച് 28 റൺസ് കൂടി നേടിയപ്പോളേക്കും പുജാരയെ(66) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ശ്രേയസ്സ് അയ്യര്‍(19),ഋഷഭ് പന്ത്(57) എന്നിവരും വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യ 198/6 എന്ന നിലയിലേക്ക് വീണു. രവീന്ദ്ര ജഡേജ നേടിയ 23 റൺസാണ് ഇന്ത്യയെ 245 റൺസിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനായി 4 വിക്കറ്റ് നേടി.