ലഞ്ചിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി തമിഴ്നാട്

ലഞ്ചിനു ലഞ്ചിനു മുമ്പ് 81/5 എന്ന നിലയിലേക്ക് വീണ തമിഴ്നാടിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും തമിഴ്നാടിനെ 31/4 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. അവിടെ നിന്ന് എന്‍ ജഗദീഷനുമൊത്ത് നായകന്‍ ബാബ ഇന്ദ്രജിത്ത് തിരിച്ചുവരവ് നടത്തുമ്പോളാണ് ജലജ് സക്സേന ജഗദീഷനെ(21) പുറത്താക്കിയത്.

എന്നാല്‍ ലഞ്ചിനു ശേഷം ഇന്ദ്രജിത്തും ഷാരൂഖ് ഖാനും മത്സരം കീഴ്മേല്‍ മറിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്തിനെ സന്ദീപ് വാര്യര്‍ പുറത്താക്കിയെങ്കിലും ഷാരൂഖ് ഖാന്‍ തമിഴ്നാടിനെ മുന്നോട്ട് നയിച്ചു. 82 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഷാരൂഖ് ഖാനൊപ്പം 25 റണ്‍സുമായി എം മുഹമ്മദ് ആണ് ക്രീസില്‍.

ആദ്യ സെഷനിലെ ആധിപത്യം കേരളം കൈവിട്ടതോടെ മത്സരം വിജയിക്കുക കേരളത്തിനു ശ്രമകരമായിത്തീരുമെന്ന് വേണം വിലയിരുത്തുവാന്‍.