കേരളത്തിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്, വിഷ്ണു വിനോദിന്റെ മികവില്‍ നൂറ് കടന്നു

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കേരളം. ഉമേഷ് യാദവിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ സ്ഥിതി ദയനീയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ 28.4 ഓവറില്‍ കേരള ഇന്നിംഗ്സിനു അവസാനം കുറിയ്ക്കുകയായിരുന്നു. പുറത്താകാതെ 37 റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളം നൂറ് കടന്നത്. ടോപ് സ്കോററും താരം തന്നെയാണ്. 50 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കമാണ് 37 റണ്‍സ് വിഷ്ണു വിനോദ് നേടിയത്.

സച്ചിന്‍ ബേബി(22), ബേസില്‍ തമ്പി(10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. വിഭര്‍ഭയ്ക്കായി മൂന്ന് വിക്കറ്റുമായി രജനീഷ് ഗുര്‍ബാനിയും മികച്ച പിന്തുണ ഉമേഷിനു നല്‍കി.

വസീം ജാഫര്‍ ഉള്‍പ്പെടുന്ന ശക്തമായ വിദര്‍ഭ ബാറ്റിംഗ് നിരയ്ക്കെതിരെ ഇനി മത്സരം വിജയിക്കണമെങ്കില്‍ കേരളം അത്ഭുതങ്ങള്‍ കാണിക്കേണ്ടതുണ്ട്.