മികച്ച ബാറ്റിംഗുമായി കോഹ്‍ലിയ്ക്കൊപ്പം കൂടി ശ്രേയസ്സ് അയ്യര്‍, കളി തടസ്സപ്പെടുത്തി മഴ

ടോസ് നേടി മൂന്നാം പന്തില്‍ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മയും(18), ഋഷഭ് പന്തും(20) പുറത്തായി 101/3 എന്ന നിലയില്‍ നിന്ന് വിരാട് കോഹ്‍ലിയുടെയും ശ്രേയസ്സ് അയ്യരുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 42.2 ഓവറില്‍ 233/4 എന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി.

നാലാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടുകെട്ടുമായാണ് ഇന്ത്യയുടെ നായകനും യുവ താരവും ഒപ്പം കൂടിയത്. കോഹ്‍ലി തന്റെ 42ാം ഏകദിന ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 58 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. 6 റണ്‍സുമായി കേധാര്‍ ജാഥവാണ് അയ്യറിന് കൂട്ടായി ക്രീസിലുള്ളത്.

ശതകത്തിന് ശേഷം അതിവേഗം സ്കോറിംഗ് നടത്തിയെങ്കിലും വിരാട് കോഹ്‍ലി 125 പന്തില്‍ നിന്ന് 120 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു കോഹ്‍ലിയുടെ ഇന്നിംഗ്സ്. പന്തിനെ പുറത്താക്കിയ കാര്‍ലോസ് ബ്രാത്‍വൈറ്റ് തന്നെയാണ് വിരാട് കോഹ്‍ലിയുടെ വിക്കറ്റും നേടിയത്.