ലമ്പാർഡിന്റെ തുടക്കം ആകെ പിഴച്ചു, ചെൽസിയെ കശാപ്പ് ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ഇതിഹാസം ഫ്രാങ്ക് ലമ്പാർഡിന്റെ പ്രീമിയർ ലീഗിലെ പരിശീലകനായുള്ള അരങ്ങേറ്റം ആകെ പിഴച്ചു‌‌. ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ചെന്ന ചെൽസി എതിരില്ലാത്ത നാലു ഗോളുകളുടെ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. മികച്ച പാസിംഗിലൂടെ പ്രതീക്ഷ നൽകാൻ ആയെങ്കിലും അവസരങ്ങൾ മുതലെടുക്കാത്തതാണ് ലമ്പാർഡിന്റെ ടീമിന് വിനയായത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ച രീതിയിൽ തുടങ്ങിയത് ചെൽസി ആണെങ്കിലും ഗോൾവല യുണൈറ്റഡ് ആണ് വേഗത്തിൽ കണ്ടെത്തിയത്. 18ആം മിനുട്ടിൽ ഒരു പെനാൽട്ടിയിലൂടെ ആയിരുന്നു യുണൈറ്റഡ് ആദ്യ ഗോൾ. റാഷ്ഫോർഡ് നേടിയ പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ആ ഗോളിനപ്പുറം കളി ചെൽസി തന്നെയാണ് നിയന്ത്രിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ കളി മെല്ലെ യുണൈറ്റഡിന്റെ വരുതിയിൽ വന്നു. പെട്ടെന്നുള്ള രണ്ട് ഗോളുകൾ യുണൈറ്റഡിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. 65ആം മിനുട്ടിൽ മാർഷ്യലും 66ആം മിനുട്ടിൽ റാഷ്ഫോർഡുമാണ് ചെൽസിയിടെ ഡിഫൻസിനെ ഭേദിച്ചത്. പെരേരയുടെ ഒരു ക്രോസിൽ നിന്നായിരുന്നു മാർഷ്യലിന്റെ ഫിനിഷ്.

പോഗ്ബയുടെ ഒരു ഗംഭീര പാസ് ആയിരുന്നു റാഷ്ഫോർഡിന്റെ രണ്ടാം ഗോളിന് വഴി ഒരുക്കിയത്. പിന്നീട് സബ്ബായി യുണൈറ്റഡ് പുതിയ സൈനിംഗ് ഡാനിയൽ ജെയിംസ് എത്തി. അധികം താമസിയാതെ ജെയിംസും വല കണ്ടെത്തി. പോൾ പോഗ്ബ തന്നെ ആയിരുന്നു ഇത്തവണയും അവസരം ഒരുക്കിയത്. ഡിഫൻസിൽ നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച പോഗ്ബ ബോക്സിനടുത്ത് വെച്ച് ജെയിംസിന് പന്തു കൈമാറുകയായിരുന്നു. താരം അത് വലയിൽ എത്തിച്ച് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആഘോഷിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ വാൻ ബിസാകയും, മഗ്വയറും ഇന്ന് മികച്ച കളിയാണ് കാഴ്ചവെച്ചത്.