രാഹുലിന് ശതകം, ഹാമിഷ് ബെനെറ്റിന് 4 വിക്കറ്റ്, ഇന്ത്യയ്ക്ക് 296 റണ്‍സ്

- Advertisement -

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പിഴച്ചുവെങ്കിലും പിന്നീട് കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. രാഹുല്‍ 112 റണ്‍സ് നേടിയപ്പോള്‍ പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ എന്നിവരാണ് മികവാര്‍ന്ന പ്രകടനം പുറത്തെടുത്തത്. ഇതില്‍ തന്നെ 100 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി രാഹുലും അയ്യരുമാണ് ഇന്ത്യന്‍ സ്കോറിന്റെ അടിത്തറ പാകിയത്.

മയാംഗ് അഗര്‍വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായ ഇന്ത്യയ്ക്ക് അധികം വൈകാതെ വിരാട് കോഹ്‍ലിയെയും നഷ്ടമായി. മയാംഗ് ഒരു റണ്‍സും വിരാട് 9 റണ്‍സുമാണ് നേടിയത്. പിന്നീട് ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിചേര്‍ത്ത് മുന്നോട്ട് നീങ്ങവെയാണ് ഇന്ത്യയ്ക്ക് ഷായെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായത്. 40 റണ്‍സാണ് നേടിയത്. അടുത്തതായി ക്രീസിലെത്തിയ രാഹുലും അയ്യരും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

62 റണ്‍സ് നേടിയ അയ്യരെ നീഷം പുറത്താക്കി. അയ്യര്‍ പുറത്തായ ശേഷം മനീഷ് പാണ്ടേയാണ് കെഎല്‍ രാഹുലിന് കൂട്ടായി ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 107 റണ്‍സാണ് നേടിയത്. 112 റണ്‍സ് നേടി രാഹുലിനെ ബെനെറ്റ് പുറത്താക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ടേയെ പുറത്താക്കി ബെനെറ്റ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. 42 റണ്‍സാണ് മനീഷ് പാണ്ടേയുടെ സംഭാവന. ന്യൂസിലാണ്ടിനായി ഹാമിഷ് ബെനെറ്റ് നാല് വിക്കറ്റ് നേടി.

Advertisement