രണ്ട് ഇന്ത്യൻ താരങ്ങൾ അടക്കം അഞ്ച് പേർക്കെതിരെ ഐ.സി.സിയുടെ കടുത്ത നടപടി

- Advertisement -

അണ്ടർ 19 ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് രണ്ട് ഇന്ത്യൻ താരങ്ങൾക്കും മൂന്ന് ബംഗ്ലാദേശ് താരങ്ങൾക്കുമെതിരെ ഐ.സി.സി നടപടി. ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയി, ഫാസ്റ്റ് ബൗളർ ആകാശ് സിംഗ്, ബംഗ്ലാദേശ് താരങ്ങളായ തൗഹീദ് ഹൃദോയ്, ഷമീം ഹൊസൈൻ, റകിബുൽ ഹസൻ എന്നിവർക്കെതിരെയാണ് ഐ.സി.സി. നടപടി.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ 3 വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് കിരീടം സ്വന്തമാക്കിയിരുന്നു. തുടർന്ന് ഗ്രൗണ്ടിലേക്ക് വിജയം ആഘോഷിക്കാൻ എത്തിയ ബംഗ്ലാദേശ് താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് ഐ.സി.സി താരങ്ങൾക്കെതിരെ നടപടി പ്രഖ്യാപിച്ചത്. അഞ്ച് താരങ്ങളും ഐ.സി.സി യുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്നും ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയി ഇതിനു പുറമെ എതിർ ടീമിലെ കളിക്കാരെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറിയെന്നും ഐ.സി.സിയുടെ കുറ്റപത്രത്തിൽ ഉണ്ട്. മത്സരത്തിന്റെ 23മത്തെ ഓവറിൽ അവിഷേക് ദാസിനെ പുറത്താക്കിയതിന് പിന്നാലെയുള്ള ആഘോഷമാണ് രവി ബിഷ്‌ണോയിക്ക് തിരിച്ചടിയായത്.

ബംഗ്ലാദേശ് താരം ഹൃദോയ്ക്ക് 10 സസ്‌പെൻഷൻ പോയിന്റും ഹൊസ്സൈനും ആകാശ് സിങ്ങിനും 8 സസ്‌പെൻഷൻ പോയിന്റും ഹസന് 4 സസ്‌പെൻഷൻ പോയിന്റും രവി ബിഷ്‌ണോയിക്ക് 7 സസ്‌പെൻഷൻ പോയിന്റുമാണ് ഐ.സി.സി വിധിച്ചത്. ഒരു സസ്‌പെൻഷൻ പോയിന്റ് അണ്ടർ 19 അല്ലെങ്കിൽ ഒരു ഇന്റർനാഷണൽ ടി20യിൽ നിന്നോ ഏകദിന മത്സരത്തിൽ നിന്നോ വിലക്ക് ലഭിക്കും. കൂടാതെ താരങ്ങൾക്ക് ഡി മെറിറ്റ് പോയിന്റും ഐ.സി.സി നൽകിയിട്ടുണ്ട്.

Advertisement