നിര്‍ണ്ണായകമായത് പൂരന്റെ വിക്കറ്റ്

വിന്‍ഡീസിനെതിരെ 59 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇതില്‍ നാല് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാര്‍ ഏറെ നിര്‍ണ്ണായകമായ പ്രകടനമാണ് പുറത്തെടുത്തത്. 179/4 എന്ന നിലയിലായിരുന്ന വിന്‍ഡീസിനെ പിന്നീട് 179/6 എന്ന നിലയിലേക്ക് തള്ളിയിട്ടത് ഭുവനേശ്വര്‍കുമാര്‍ ആയിരുന്നു. ഇന്നിംഗ്സിന്റെ 35ാം ഓവറില്‍ നിലയുറപ്പിച്ച് ബാറ്റ് വീശുകയായിരുന്നു നിക്കോളസ് പൂരനെയും 18 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസിനെയും ഒരേ ഓവറില്‍ പുറത്താക്കിയതോടെയാണ് വിന്‍ഡീസിന്റെ പതനം ആരംഭിച്ചത്.

179/4 എന്ന നിലയില്‍ നിന്ന് 182/8 എന്ന നിലയിലേക്ക് വീണ വിന്‍ഡീസ് പിന്നീട് കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങുകയായിരുന്നു. 42 റണ്‍സ് നേടിയ നിക്കോളസ് പൂരന്റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്. ഒന്നോ രണ്ടോ വിക്കറ്റ് നേടിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരുവാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ഭുവി പറഞ്ഞു.

നിക്കോളസ് പൂരന് ബാറ്റിംഗില്‍ എന്ത് മാന്ത്രിക വിദ്യ കാണിക്കാമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ തന്നെ താരം നിന്നിരുന്നുവെങ്കില്‍ മത്സരം മാറ്റി മറിക്കുമെന്ന് ഉറപ്പായിരുന്നു. അത് പോലെ തന്നെ റോഷ്ടണ്‍ ചേസിന്റെ വിക്കറ്റും നിര്‍ണ്ണായകമായിരുന്നു. താരം ക്രീസിലെത്തിയ ഉടന്‍ തന്നെ സിംഗിളുകള്‍ നേടി നിലയുറപ്പിക്കുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും ഈ രണ്ട് വിക്കറ്റുകളും ഒരേ ഓവറില്‍ വീഴ്ത്താനായത് നിര്‍ണ്ണായമായെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.