നിലവിലെ ചാമ്പ്യന്മാരെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഗ്ലോബല്‍ ടി20 കാനഡ 2019ല്‍ വിജയികളായി വിന്നിപെഗ് ഹോക്ക്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍. ഗ്ലോബല്‍ ടി20 2019ന്റെ ഫൈനലില്‍ വാങ്കൂവര്‍ നൈറ്റ്സും വിന്നിപെഗ് ഹോക്ക്സും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹോക്ക്സിനൊപ്പം നില്‍ക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 192 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വാങ്കുവര്‍ 9 റണ്‍സ് മാത്രമേ നേടിയുള്ളു. 4 പന്ത് മാത്രം നേരിട്ട് വിന്നിപെഗ് ഹോക്ക്സ് വിജയം നേടുകയായിരുന്നു.

നൈറ്റ്സിന് വേണ്ടി ആന്‍ഡ്രേ റസ്സല്‍ നേരിട്ട ആദ്യ പന്ത് തന്നെ സൂപ്പര്‍ ഓവറില്‍ സിക്സര്‍ പറത്തിയെങ്കിലും പിന്നീട് കാര്യമായി റണ്‍സൊന്നും നേടുവാന്‍ ടീമിന് സാധിച്ചില്ല. കലീം സന എറിഞ്ഞ ഓവറില്‍ രണ്ട് വിക്കറ്റാണ് വാങ്കൂവറിന് നഷ്ടമായത്. ക്രിസ് ലിന്‍ ആണ് സൂപ്പറോവറില്‍ വിന്നിപെഗിന്റെ വിജയ ശില്പിയായത്.

ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. 45 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ഷൈമാന്‍ അന്‍വറും ക്രിസ് ലിന്‍(37), ജീന്‍ പോള്‍ ഡുമിനി(33) എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. നൈറ്റ്സിന് വേണ്ടി ആന്‍ഡ്രേ റസ്സല്‍ നാലും അലി ഖാന്‍, റയാന്‍ പത്താന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സിന് തുടക്കം പാളിയെങ്കിലും ഷൊയ്ബ് മാലിക്-ആന്‍ഡ്രേ റസ്സല്‍ എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 86 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ കൂട്ടുകെട്ട് 36 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ മാലിക് പുറത്തായപ്പോളാണ് തകര്‍ന്നത്. പിന്നീട് ആന്‍ഡ്രേ റസ്സല്‍ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സ്കോറുകള്‍ ഒപ്പമെത്തിക്കുവാനെ താരത്തിന് സാധിച്ചുള്ളു. 20 പന്തില്‍ നിന്ന് 46 റണ്‍സുമായി റസ്സല്‍ പുറത്താകാതെ നിന്നു.