ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സ് വിജയം, പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസിന്റെയും തന്റെ അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഹൈദര്‍ അലിയുടെയും പ്രകടനങ്ങളുടെ മികവിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മധ്യനിര പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സേ ടീമിന് നേടാനായുള്ളു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറിന് മുമ്പ് 33 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മോയിന്‍ അലി പുറത്തായതോടെയാണ് ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിക്കുന്നത്.

ടോപ് ഓര്‍ഡറില്‍ ടോം ബാന്റണ്‍ 46 റണ്‍സ് നേടിയെങ്കിലും ഒരു വശത്ത് വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് 69/4 എന്ന നിലയിലേക്ക് വീണു. ഈ സ്കോറില്‍ 46 റണ്‍സും ബാന്റണിന്റെ സംഭാവനയായിരുന്നു. പിന്നീട് മോയിന്‍ അലി-സാം ബില്ലിംഗ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 57 റണ്‍സാണ് ഇംഗ്ലണ്ട് പ്രതീക്ഷകളെ വീണ്ടുമുണര്‍ത്തിയത്. എന്നാല്‍ കൂട്ടുകെട്ട് തകര്‍ത്ത് വഹാബ് റിയാസ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും മോയിന്‍ അലി മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 4 വീതം സിക്സും ഫോറും നേടിയ താരം 7 പന്ത് അവശേഷിക്കെ പുറത്തായതോടെ ഇംഗ്ലണ്ട് പിന്നില്‍ പോയി. വിജയത്തോടെ ടി20 പരമ്പര 1-1ന് സമനിലയിലാക്കുവാന്‍ പാക്കിസ്ഥാനായി.

പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

Advertisement