ആവേശപ്പോരില്‍ ലങ്കയെ വീഴ്ത്തി ന്യൂസിലാണ്ട്

- Advertisement -

അവസാന മൂന്നോവറില്‍ 31 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് 3 പന്തുകള്‍ അവശേഷിക്കെ ശ്രീലങ്കയെ മുട്ട് കുത്തിച്ച് ഒന്നാം ടി20യില്‍ ജയം നേടി പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി. 18 ഓവറുകള്‍ വേണ്ടിയിരുന്നപ്പോള്‍ മലിംഗ എറിഞ്ഞ ഓവറില്‍ 15 റണ്‍സ് ലങ്ക വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 39/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം-റോസ് ടെയിലര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഇരുവരും പുറത്തായപ്പോള്‍ ലങ്ക പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഡാരല്‍ മിച്ചല്‍-മിച്ചല്‍ സാന്റനര്‍ കൂട്ടുകെട്ട് നേടിയ ആറാം വിക്കറ്റ് കൂട്ടുകെട്ടിലെ 16 പന്തില്‍ നിന്നുള്ള 31 റണ്‍സ് ആണ് നിര്‍ണ്ണായകമായത്.

നേരത്തെ നാലാം വിക്കറ്റില്‍ 79 റണ്‍സാണ് ടെയിലര്‍-ഗ്രാന്‍ഡോം കൂട്ടുകെട്ട് നേടിയത്. 29 പന്തില്‍ 48 റണ്‍സ് നേടിയ റോസ് ടെയിലറെയും 28 പന്തില്‍ 44 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോമിനെയും പുറത്താക്കി ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് മത്സരത്തില്‍ പിടിമുറുക്കാനാകാതെ പോയതോടെ വിജയം ശ്രീലങ്ക കൈവിട്ടു.

19.3 ഓവറിലാണ് അഞ്ച് വിക്കറ്റ് വിജയം ന്യൂസിലാണ്ട് നേടിയത്. മിച്ചല്‍ 25 റണ്‍സും സാന്റനര്‍ 14 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പികളായത്.

Advertisement