നോർത്ത് ലണ്ടനിൽ ആഴ്സണലിന്റെ തിരിച്ചു വരവ്, സ്പർസിനോട് ആവേശ സമനില

- Advertisement -

നോർത്ത് ലണ്ടനിലെ കരുത്തർ ഏറ്റു മുട്ടിയപ്പോൾ പ്രീമിയർ ലീഗിൽ ആവേശ സമനില. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്സണലും ടോട്ടൻഹാമും ഏറ്റു മുട്ടിയപ്പോൾ 2-2 ന്റെ സമനില. 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ആഴ്സണൽ ഒരു പോയിന്റ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പ്രകടനമാണ് ആഴ്സണലിന് രക്ഷയായത്. ഇരു ടീമുകളും പോയിന്റ് പങ്കിട്ടതോടെ ആഴ്സണൽ അഞ്ചാം സ്ഥാനത്തും സ്പർസ് ഒൻപതാം സ്ഥാനത്തുമാണ്‌.

ലകസേറ്റ്, ഒബാമയാങ്, പെപെ ആക്രമണ ത്രയത്തെ ഇറക്കിയാണ് ആഴ്സണൽ ആക്രമണം നയിച്ചത്. പക്ഷെ സ്പർസ് ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പത്താം മിനുട്ടിൽ എറിക്സൻ ആണ് ഗോൾ നേടിയത്. ലമേലയുടെ ഷോട്ട് ലെനോ തടുത്തെങ്കിലും ഫോളോ അപ്പ് ഷോട്ടിൽ എറിക്സൻ പന്ത് വലയിലാക്കി. ഏറെ വൈകാതെ മികച്ച കൗണ്ടർ അറ്റാക്കിൽ സോണ് മികച്ച ഷോട്ട് തൊടുത്തെങ്കിലും ഇത്തവണ ലെനോ തട്ടിയകറ്റി. 42 ആം മിനുട്ടിൽ സോണിനെ ശാക്ക ബോക്‌സിൽ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി വിധിച്ചു. നോർത്ത് ലണ്ടൻ ഡർബിയിൽ എന്നും ഫോമിലേക്കുയർന്നിട്ടുള്ള കെയ്‌നിന്റെ ഷോട്ട് വലയിൽ പതിച്ചതോടെ സ്കോർ 0-2. പക്ഷെ ആദ്യ പകുതി പിരിയും മുൻപേ തന്നെ ആഴ്സണൽ ലകസേറ്റിന്റെ കിടിലൻ ഗോളിൽ സ്കോർ 1-2 ആക്കി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ആഴ്സണൽ നിരന്തരം ആക്രമിച്ചപ്പോൾ ഹ്യുഗോ ലോറിസാണ് സ്പർസിനെ കാത്തത്. പക്ഷെ 63 ആം മിനുട്ടിൽ സെബയോസ് ഇറങ്ങിയതോടെ ആഴ്സണൽ ആക്രമണത്തിന് പുത്തൻ ആവേശം വന്നു. 71 ആം മിനുട്ടിൽ ഗ്വേൻടൂസിയുടെ മനോഹരമായ പാസിന് കാൽ വച്ച് ഒബാമയാങ് എമിറേറ്റ്‌സ് സ്റ്റേഡിയത്തെ ഇളക്കി മറിച്ചു. സ്കോർ 2-2.
79 ആം മിനുട്ടിൽ സോക്രട്ടീസ് വീണ്ടും സ്പർസ് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. പിന്നീടും ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും വിലപ്പെട്ട വിജയ ഗോൾ മാത്രം നേടാനായില്ല.

Advertisement