ലീഡ് പാക്കിസ്ഥാനു, രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട് ന്യൂസിലാണ്ട്

- Advertisement -

അബു ദാബി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍. 153 റണ്‍സിനു ന്യൂസിലാണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ 227 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ പുറത്തായപ്പോള്‍ 74 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ടോം ലാഥമിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കെയിന്‍ വില്യംസണും(27*)-ജീത്ത് റാവലും(26*) 56 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹസന്‍ അലിയ്ക്കാണ് ലാഥമിന്റെ വിക്കറ്റ്. പാക്കിസ്ഥാന്റെ സ്കോറിനൊപ്പമെത്തുവാന്‍ ന്യൂസിലാണ്ട് 18 റണ്‍സ് കൂടി നേടേണ്ടതുണ്ട്

ബാബര്‍ അസം(62), അസാദ് ഷഫീക്ക്(43) എന്നിവര്‍ക്കൊപ്പം ഹാരിസ് സൊഹൈലും(38) ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 174/4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍ പിന്നീട് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും കോളിന്‍ ഡി ഗ്രാന്‍ഡോം അജാസ് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

Advertisement