ടി20 ലോകകപ്പ് പരിശീലന ക്യാമ്പിലേക്ക് ധോണിയെ തീര്‍ച്ചയായും വിളിക്കണം – എംഎസ്കെ പ്രസാദ്

- Advertisement -

മുന്‍ ദേശീയ സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ അഭിപ്രായത്തില്‍ ടി20 ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് നടക്കുകയാണെങ്കില്‍ എംഎസ് ധോണിയെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണെന്നാണ്. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലാണ്ടിനോടേറ്റ പരാജയത്തിന് ശേഷം എംഎസ് ധോണി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള താരം സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഐപിഎലിലൂടെ താരത്തിനെ ക്രിക്കറ്റില്‍ വീണ്ടും കാണാമെന്ന ആരാധകരുടെ ആഗ്രഹവും കൊറോണ കാരണം നടന്നില്ല. എംഎസ് ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകുമെന്നും ഇല്ല താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്നുമുള്ള ചര്‍ച്ച പുരോഗമിക്കവെയാണ് എംഎസ്കെ പ്രസാദ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

താനാണ് സെലക്ടറെങ്കില്‍ തീര്‍ച്ചയായും ധോണി ടീമിലുണ്ടാകുമെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടത്. ടി20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന് തനിക്കറിയില്ല പക്ഷേ ധോണി ടൂര്‍ണ്ണമെന്റ് നടക്കുമെങ്കില്‍ തന്റെ ടീമിലുണ്ടാവുമെന്ന് പ്രസാദ് പറഞ്ഞു. ഐസിസി ടൂര്‍ണ്ണമെന്റില്‍ താരത്തെ ഉള്‍പ്പെടുത്തണം അതേ സമയം ബൈ-ലാറ്ററല്‍ പരമ്പരയാണെങ്കില്‍ കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കാവുന്നതാണെന്നും എംഎസ്കെ പ്രസാദ് വ്യക്തമാക്കി.

Advertisement