ധോണിയെ ധോണിയാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമം മാത്രം , ഇന്ത്യന്‍ ടീമിലെത്തിയ സമയത്ത് ധോണിയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് – കിരണ്‍ മോറെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എംഎസ് ധോണി അരങ്ങേറ്റം നടത്തിയ ആദ്യ നാളുകളില്‍ താരത്തിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് കിരണ്‍ മോറെ. ധോണി അരങ്ങേറ്റം നടത്തുമ്പോള്‍ ഇന്ത്യന്‍ സെലക്ടര്‍ ആയിരുന്നു മോറെ. ആദ്യ നാളുകളില്‍ വെറും ഒരു സാധാരണ വിക്കറ്റ് കീപ്പറില്‍ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി ധോണി വളര്‍ന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ മാത്രം മികവിലാണെന്നും ആദ്യ നാളുകളില്‍ ധോണിയ്ക്കും ഏറെ ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്ന് കിരണ്‍ മോറെ വ്യക്തമാക്കി.

അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ഒട്ടേറെ വിക്കറ്റ് കീപ്പര്‍മാരുടെ പേരുകള്‍ സജീവമായിരുന്നു. സാധാരണ വിക്കറ്റ് കീപ്പര്‍ മാത്രമായിരുന്ന ധോണിയെ അത്ര ടെക്നിക് ബാറ്റിംഗില്‍ ഇല്ലെങ്കിലും തിരഞ്ഞെടുക്കുവാന്‍ കിരണ്‍ മോറെ തുനിഞ്ഞത് പിന്നീട് ചരിത്രമായി മാറുകയായിരുന്നു.

സെലക്ഷന്‍ പാനല്‍ ധോണിയുടെ പ്രതിഭയെ തിരിച്ചറിഞ്ഞുവെങ്കിലും ധോണിയെ ധോണിയാക്കിയത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ആണെന്ന് കിരണ്‍ മോറെ അഭിപ്രായപ്പെട്ടു. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ധോണി പിന്നീടാണ് ടെസ്റ്റിലേക്ക് എത്തിയത്. ടെസ്റ്റില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ശ്രമകരമായിരുന്നുവെങ്കിലും പരിശ്രമത്തിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കീപ്പറായി താരം മാറിയെന്ന് മോറെ വ്യക്തമാക്കി.

ഒരു താരത്തെയും രണ്ട് മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം വിലയിരുത്താനാകില്ലെന്നും അതിനാല്‍ തന്നെ താരത്തിന് അന്നത്തെ സെലക്ടര്‍മാര്‍ കൂടുതല്‍ അവസരം നല്‍കിയെന്നും കിരണ്‍ മോറെ വ്യക്തമാക്കി.