എംസിജിയില്‍ മാസ്മരിക പ്രകടനവുമായി മയാംഗ്, മെല്‍ബേണില്‍ ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു

ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മയാംഗ് അഗര്‍വാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മെല്‍ബേണ്‍ ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഹനുമ വിഹാരിയെ(8) നഷ്ടമായെങ്കിലും 18.5 ഓവര്‍ വരെ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നില്‍ക്കുവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനായി. 66 പന്തുകള്‍ നേരിട്ട വിഹാരി ഓസീസ് ബൗളിംഗിന്റെ മൂര്‍ച്ച കളഞ്ഞ ശേഷമാണ് പാറ്റ് കമ്മിന്‍സിനു വിക്കറ്റ് നല്‍കി മടങ്ങിയത്. ഹനുമ വിഹാരി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് 40 റണ്‍സായിരുന്നു.

പിന്നീട് മത്സരത്തില്‍ മെല്ലെ മെല്ലെ ഇന്ത്യ പിടി മുറുക്കുന്ന കാഴ്ചയാണ് രണ്ടത്. മയാംഗ് അഗര്‍വാലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. 49 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 112/1 എന്ന നിലയിലാണ്. 72 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി മയാംഗും(65*) ചേതേശ്വര്‍ പുജാരയുമാണ്(33*) ക്രീസില്‍ നില്‍ക്കുന്നത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്.