ഗട്ടൂസോയുടെ ഭാവി തുലാസിൽ, ജയം തേടി മിലാൻ

ഇറ്റാലിയൻ ലീഗിൽ പഴയ പ്രതാപികളായ മിലാന്റെ കാര്യം പരുങ്ങലിലാണ്. തുടർച്ചയായ നാല് മത്സരങ്ങളിലായി ജയിക്കാൻ ഗട്ടൂസോയുടെ ടീമിന് സാധിച്ചിട്ടില്ല. യൂറോപ്പ ലീഗിൽ നിന്നും ഒളിംപ്യക്കോസിനോട് പരാജയമേറ്റു വാങ്ങി പുറത്തായതിന് പിന്നാലെ ഫിയോറെന്റീനയോടും മിലാൻ പരാജയപ്പെട്ടു. സ്റ്റാർ സ്‌ട്രൈക്കറായ ഗോൺസാലോ ഹിഗ്വെയിൻ ഗോളടിക്കാത്തതും മിലാന്റെ തലവേദനയാണ്.

പെട്ടെന്നൊരു പകരക്കാരനെ കണ്ടെത്താൻ സാധിക്കാത്തതാണ് ഗട്ടൂസോയുടെ ജോലി പിടിച്ച് നിർത്തുന്നത്. ഡയറക്റ്റർ മാരായ മാൽദിനിയും ലിയോണാർഡോയും ഗട്ടൂസോയെ കൈവിട്ടു എന്നാണ് മിലാനിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ. ഫ്രോസിനോണിനോടും സ്പാലിനും എതിരായ മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ ഗട്ടൂസോയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കും.