തുല്യത പാലിച്ച് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും

Sports Correspondent

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40 വീതം പോയിന്റ് നേടി സമനിലയില്‍ പിരിഞ്ഞ് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 14-16 എന്ന സ്കോറിനു തമിഴ് തലൈവാസായിരുന്നു മുന്നിലെങ്കിലും പിന്നീട് മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ നാല് പോയിന്റ് പിന്നില്‍ നിന്ന് നാല് പോയിന്റ് ലീഡ് സ്വന്തമാക്കുന്ന നിലയിലേക്ക് ഹരിയാന ഉയര്‍ന്നുവെങ്കിലും പിന്നീട് ലീഡ് തലൈവാസ് നേടുന്നതും കണ്ടും. ഇരു ടീമുകളിലായി ലീഡ് മാറി മറിഞ്ഞുവെങ്കിലും അവസാന ഘട്ടത്തോടു കൂടി ലീഡ് തലൈവാസ് സ്വന്തമാക്കുകയായിരുന്നു. അവസാന മിനുട്ടിലേക്ക് മത്സരം കടന്നപ്പോള്‍ 40-38നു രണ്ട് പോയിന്റ് ലീഡ് നേടുവാന്‍ തലൈവാസിനായെങ്കിലും അവസാന രണ്ട് റെയിഡുകളിലായി മത്സരത്തില്‍ ഒപ്പമെത്തുവാന്‍ ഹരിയാനയ്ക്കായി.

17 പോയിന്റുമായി മോനു ഗോയത്തും 10 പോയിന്റ് നേടി വികാസ് ഖണ്ഡോലയുമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്. തമിഴ് തലൈവാസിനു വേണ്ടി അജയ് താക്കൂര്‍ 17 പോയിന്റുമായി മോനു ഗോയത്തിനു ഒപ്പം പിടിച്ചു. റെയിഡിംഗില്‍ 30-26 എന്ന നിലയില്‍ ഹരിയാന സ്റ്റീലേഴ്സായിരുന്നു മുന്നിലെങ്കില്‍ പ്രതിരോധത്തില്‍ ഇരു ടീമുകളും 8 പോയിന്റുമായി ഒപ്പം നിന്നു.

രണ്ട് തവണ ഹരിയാനയെ തമിഴ് തലൈവാസ് ഓള്‍ഔട്ട് ആക്കിയപ്പോള്‍ രണ്ട് ഓള്‍ഔട്ട് പോയിന്റ് ഹരിയാനയും സ്വന്തമാക്കി. 2 അധിക പോയിന്റുകള്‍ തമിഴ് തലൈവാസ് സ്വന്തമാക്കി.