ഗാബയില്‍ തോല്‍വിയൊഴിവാക്കുക എന്ന കടുത്ത വെല്ലുവിളി നേരിട്ട് ശ്രീലങ്ക

- Advertisement -

ഗാബയില്‍ മികച്ച നിലയില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ഓസ്ട്രേലിയ. ശ്രീലങ്കയെ 144 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഒന്നാം ദിവസം 72/2 എന്ന നിലയില്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ മാര്‍ക്കസ് ഹാരിസിനെയും നൈറ്റ് വാച്ച്മാന്‍ നഥാന്‍ ലയണിനെയും നഷ്ടമായി ഓസ്ട്രേലിയ 82/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് അഞ്ചാം വിക്കറ്റിലെത്തിയ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡുമാണ് മത്സരത്തില്‍ ഓസ്ട്രേലിയയെ ട്രാക്കിലേക്കാക്കയത്. 166 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ലാബൂഷാനെ 81 റണ്‍സും ട്രാവിസ് ഹെഡ് 84 റണ്‍സും നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. അരങ്ങേറ്റതാരം കുര്‍ട്ടിസ് പാറ്റേര്‍സണ്‍ 30 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 26 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി സുരംഗ ലക്മല്‍ 5 വിക്കറ്റും ദില്‍രുവന്‍ പെരേര രണ്ട് വിക്കറ്റും നേടി. 106.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ ഓസ്ട്രേലിയ 323 റണ്‍സാണ് നേടിയത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ശ്രീലങ്ക 162 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ദിമുത് കരുണാരത്നേയെ നഷ്ടമായി. 6 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ക്രീസില്‍ നില്‍ക്കുന്നത്. കരുണാരത്നേയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 17/1 എന്ന നിലയിലാണ്. രണ്ടാം ദിവസത്തെ അവസാന പന്തിലാണ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് നേടിയത്.

Advertisement