മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ ആകുവാന്‍ സാധ്യത

ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ടീം ഡയറക്ടറായി മാര്‍ക്ക് ബൗച്ചറെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചയാവും ഈ പ്രഖ്യാപനം ഉണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ക്രിക്കറ്റ് ഡയറക്ടറും മാര്‍ക്ക് ബൗച്ചറുടെ മുന്‍ ടെസ്റ്റ് നായകനുമായ ഗ്രെയിം സ്മിത്ത് ആവും ഈ പ്രഖ്യാപനം അറിയിക്കുക. എനോച്ച് എന്‍ക്വേയുടെ പിന്‍ഗാമിയായാവും ബൗച്ചര്‍ എത്തുക. ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ടീം ഡയറക്ടറായിരുന്നു എനോച്ച്. അവിടെ ടി20 പരമ്പര സമനിലയിലാക്കിയെങ്കിലും മൂന്ന് ടെസ്റ്റിലും കനത്ത പരാജയമാണ് ടീം ഏറ്റുവാങ്ങിയത്.

147 ടെസ്റ്റുകളിലും 25 ടി20കളിലും 295 ഏകദിനങ്ങളിലും ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് മാര്‍ക്ക് ബൗച്ചര്‍. 2016 മുതല്‍ ടൈറ്റന്‍സിന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് മാര്‍ക്ക് ബൗച്ചര്‍. അവര്‍ക്ക് ഒരു ഫസ്റ്റ് ക്ലാസ് ടൈറ്റിലും രണ്ട് ഏകദിന-ടി20 കിരീടവും നേടിക്കൊടുക്കുവാന്‍ ബൗച്ചറിന് സാധിച്ചിരുന്നു. എനോച്ച് എന്‍ക്വേയെ ടീമിന്റെ സഹ പരിശീലകനായി നിയമിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജാക്വസ് കാലിസ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.