ബൗച്ചറുടെ നിയമനം 2023 ലോകകപ്പ് വരെ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി നിയമിക്കപ്പെട്ട മാര്‍ക്ക് ബൗച്ചര്‍ 2023 വരെയാണ് ഈ പദവയില്‍ തുടരുവാന്‍ ബോര്‍ഡുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തെ ബൗച്ചറെ കോച്ചായിയുള്ള പ്രഖ്യാപനം വരുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടര്‍ ആയി നിയമിക്കപ്പെട്ട ഗ്രെയിം സ്മിത്താണ് ഈ പ്രഖ്യാപനം നടത്തിയത്.

ഇംഗ്ലണ്ടിനെതിരെ ഡിസംബര്‍ 26ന് സെഞ്ച്യുറിയണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയാവും ബൗച്ചറുടെ ആദ്യ ദൗത്യം. ഡിസംബര്‍ 16ന് നാല് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമുകളുടെ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. കൂടാതെ ടീമിന്റെ പുതിയ ബാറ്റിംഗ് ബൗളിംഗ് കണ്‍സള്‍ട്ടന്റ്മാരെയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജാക്വിസ് കാലിസിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.