മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിമും 60 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. 39/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 111 റണ്‍സ് കൂട്ടുകെട്ടാണ് നേരിയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ കൂട്ടുകെട്ട് ധനന്‍ജയ ഡി സില്‍വ തകര്‍ത്തതോടെ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു.

ലസിത് മലിംഗ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയ മലിംഗ തന്റെ കരിയറിലെ അവസാന ഓവറില്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും നേടി തന്റെ അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി മടങ്ങുകയായിരുന്നു. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് നേടി. ധനന്‍ജയ ഡി സില്‍വയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.