അവസാന ഓവറുകളിൽ ഗിയര്‍ മാറ്റി ലാഥം, വില്യംസണിനൊപ്പം ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു

Tomlathamkanewilliamson

ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്. 47.1 ഓവറില്‍ ഇന്ത്യ നൽകിയ 307 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ന്യൂസിലാണ്ട് വിജയം കുറിച്ചത്. നാലാം വിക്കറ്റിൽ ഒത്തുകൂടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ടോം ലാഥവും ചേര്‍ന്നാണ് കീവിസ് വിജയം സാധ്യമാക്കിയത്.

ശര്‍ദ്ധുൽ താക്കുര്‍ എറിഞ്ഞ 40ാം ഓവറിൽ 25 റൺസ് പിറന്നപ്പോള്‍ ടോം ലാഥം നാല് ഫോറും ഒരു സിക്സും ആണ് നേടിയത്. ഈ ഓവറിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ലാഥം പിന്നീട് 104 പന്തിൽ പുറത്താകാതെ 145 റംസ് നേടി നിന്നപ്പോള്‍ കെയിന്‍ വില്യംസൺ 94 റൺസുമായി പുറത്താകാതെ നിന്നു.

ഇരുവരും ചേര്‍ന്ന് 221 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ആതിഥേയര്‍ക്കായി നേടിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ ഉമ്രാന്‍ മാലിക് 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റൊരു അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദീപിന് നിരാശയായിരുന്നു ഫലം.

വാഷിംഗ്ടൺ സുന്ദര്‍ ഒഴികെ മറ്റു താരങ്ങള്‍ക്കെല്ലാം കണക്കറ്റ് പ്രഹരം ടോം ലാഥം – കെയിന്‍ വില്യംസൺ കൂട്ടുകെട്ടിൽ നിന്ന് ലഭിച്ചു. ലാഥം തന്റെ ഇന്നിംഗ്സിൽ 19 ഫോറും 5 സിക്സും നേടി.