മോമിനുള്‍ ഹക്കിനു ശതകം, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ശ്രീലങ്ക

- Advertisement -

ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. മോമിനുള്‍ ഹക്ക്, മുഷ്ഫികുര്‍ റഹിം എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് 236 റണ്‍സാണ് നേടിയത്. എന്നാല്‍ ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക തിരിച്ചടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ 84ാം ഓവര്‍ എറിഞ്ഞ സുരംഗ ലക്മല്‍ ഓവറിന്റെ അഞ്ച്, ആറ് പന്തുകളില്‍ മുഷ്ഫികുര്‍ റഹിമിനെയും ലിറ്റണ്‍ ദാസിനെയും മടക്കി അയയ്ച്ചതോടെ ശ്രീലങ്കയ്ക്കും ആശ്വസിക്കാന്‍ വകയുണ്ടാവുകയായിരുന്നു. 356/2 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് പൊടുന്നനെ 356/4 എന്ന നിലയിലേക്ക് വീണത്.

പുറത്തായ ബാറ്റ്സ്മാന്മാരായ തമീം ഇക്ബാലും(52), ഇമ്രുല്‍ കൈസും(40) മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. 53 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ തമീം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. തമീമിനു പകരം ക്രീസിലെത്തിയ മോമിനുളും അതേ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ കുതിച്ചു. ഇമ്രുല്‍ കൈസ് പുറത്താകുമ്പോള്‍ 120 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 120/2 എന്ന നിലയില്‍ ലഞ്ചിനു ബംഗ്ലാദേശ് പിരിയുകയായിരുന്നു.

പിന്നീടുള്ള രണ്ട് സെഷനുകളിലും ബംഗ്ലാദേശിന്റെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 92 റണ്‍സ് നേടിയ മുഷ്ഫികുര്‍ ആദ്യ ദിവസം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് പുറത്തായത്. 175 റണ്‍സ് നേടിയ മോമിനുള്‍ ഹക്കിനൊപ്പം 9 റണ്‍സുമായി ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement