ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച്, പാക്കേഴ്സിനെതിരെ സീറോസിനു ജയം

- Advertisement -

ആവേശകരമായൊരു മത്സരത്തിനൊടുവില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. പാക്കേഴ്സ് നല്‍കിയ 115 റണ്‍സ് വിജയലക്ഷ്യം മറികടക്കുവാന്‍ 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ആസിഫ് അലി ആണ് കളിയിലെ താരം. ടോസ് നേടിയ പാക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 21.5 ഓവറില്‍ പാക്കേഴ്സ് 114 റണ്‍സിനു ഓള്‍ഔട്ട് ആയി. 31 റണ്‍സ് നേടിയ സുരേഷ് കുമാര്‍ ആണ് പാക്കേഴ്സിന്റെ ടോപ് സ്കോറര്‍. സീറോസിനു വേണ്ടി സുനീഷ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആസിഫ് അലി, ഷാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

115 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സീറോസ് ഒരു ഘട്ടത്തില്‍ 108/4 എന്ന നിലയിലായിരുന്നു. എന്നാല്‍ 25 റണ്‍സ് നേടിയ ആസിഫ് അലി പുറത്തായതോടു കൂടി തുടരെ വിക്കറ്റുകള്‍ നഷ്ടമായത് സീറോസ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. ചെറിയ സ്കോറും ആവശ്യത്തിലധികം ഓവറുകളും കൈവശമുള്ളതാണ് ടീമിനു തുണയായത്. 19.5 ഓവറില്‍ ലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ ടീം മറികടക്കുകയായിരുന്നു.

32 റണ്‍സ് നേടിയ വിമല്‍ ചന്ദ്രനാണ് ടീമിന്റെ ടോപ് സ്കോറര്‍. ആനന്ദ്, സുരേഷ് കുമാര്‍ എന്നിവര്‍ പാക്കേഴ്സിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement